Monday, October 19, 2009

അറിവ്.

സ്നേഹം,
അതെന്‍‌റ്റെ ദൗര്‍ബല്യമായിരിന്നു.
ആ ചിരിയാണെഥാര്‍ത്ഥ
സ്നേഹമെന്നോര്‍ത്തു ഞാന്‍.
പിന്നീടെപ്പോഴോ ഞാനറിഞ്ഞു
ആ ചിരിയുടെ പിന്നാമ്പുറം
കൂരിരുട്ടായിരുന്നെന്ന്.

സ്നേഹം.

സ്നേഹമെന്നതൊരു നോവാണ്‌,
നോവിനിടയിലെ സുഖമാണ്‌,
സുഖമുള്ളോരോര്‍മ്മയാണ്‌,
ഓര്‍മ്മയില്‍ തെളിയുന്ന മുഖമാണ്‌,
മുഖത്തു വിരിയുന്ന പുഞ്ചിരിയാണ്‌,
ആ പുഞ്ചിരിയോ ഒരു കിട്ടാക്കനിയാണ്‌.

ഒരുമിക്കാം..

വെടിയൊച്ചകള്‍ മുഴങ്ങുന്നു,
പൊട്ടിക്കരച്ചിലിന്‍ ശബ്ദമുയരുന്നു.

നമുക്കൊരുമ്മിക്കാം ആ
വെടിയൊച്ചകള്‍ക്കെതിരേ;
നമുക്ക് കൈ കോര്‍ക്കാം,
ആ കണ്ണുന്നീരൊപ്പുവാന്‍.

നമുക്ക് പ്രാര്‍ത്ഥിക്കാം അവരില്‍
ആ മനുഷ്യത്വം പുനര്‍ജനിക്കാന്‍..

സ്വപ്നം.

ഉണ്ണാന്‍, ഉടുക്കാന്‍ പഠിപ്പിച്ച കുട്ടി;
ആ ഉണ്ണിക്കൈ പിടിച്ച് നടത്തിയ കുട്ടി;
തനിക്കൊരു തണല്‍മരമാകുമെന്നാശിച്ച കുട്ടി;
മറ്റൊരു കൈപിടിച്ചകന്നു പോയപ്പോള്‍,
ഇല്ലാതായതാ അച്ഛന്‍‌റ്റെ ജീവിതമല്ലേ?
തകര്‍ന്നു പോയതാ അമ്മയുടെ സ്വപ്നങ്ങളല്ലേ?

കാഴ്ച.

ഇവിടിരുന്നെനിക്കെന്റ്റെ നാട് കാണാം,
മുറ്റത്ത് പരിമളം പരത്തും കുടമുല്ല കാണാം.
സൂര്യനെ പ്രണയിക്കും സൂര്യകാന്തി കാണാം,
ചെം പനിനീര്‍ മണമുള്ള റോസുകാണാം.


പിന്നെ ഇതെല്ലാം തഴുകി കടന്നുവ-
ന്നെന്നെ തലോടുന്ന ഈ ഇളം കാറ്റിലൂടെ-
നിക്കെന്റ്റെ വീടു കാണാം,
പിന്നെ. നിങ്ങളേവരേയുമെനിക്കു കാണാം.

ഓര്‍ക്കുക നീ..

ഞാന്‍ വലിച്ചടുക്കുന്ന ശ്വാസം
നാളെ തിരികെ വരാതിരിക്കാം.
എന്‍റെ കൈയ്യോടു ചേര്‍ന്നിരുന്ന
കൈ ചോര്‍ന്നു പോയേക്കാം.


എന്‍റെ ഓര്‍മ്മകളില്‍ നിന്നും
ഒരുപക്ഷേ നീ മാഞ്ഞുപോയേക്കാം.
അന്ന് നീ ,ഓര്‍ക്കുക ഒരു ദേഹി
കൂടി ദേഹത്തെ ഉപേക്ഷിച്ചെന്ന്,
ഞാനൊരു ദേഹമായ് മാറിയെന്ന്.

Sunday, October 18, 2009

ഓര്‍മ്മകള്‍.

കര്‍ണ്ണങ്ങളിലാ കിളികളുടെ
കളകളാരവങ്ങളായിരിന്നു.
കണ്മുന്നിലാ പാടത്തുപണിയെടുക്കും
കുഞ്ഞനും കുറത്തിയുമായിരിന്നു...


കണ്‍തുറന്നപ്പോഴാ കിളികളില്ല,
അവയുടെ കളകളാരവങ്ങളില്ല...
കണ്മുന്നിലാ പാടമില്ല,
പിന്നെ ആ കുഞ്ഞനും കുറത്തിയുമില്ല....


എല്ലാമെന്‍ ഓര്‍മ്മകള്‍...
വെറും ഓര്‍മ്മകള്‍ മാത്രം....

കരച്ചിലുകള്‍.

ആ ക്ഷേത്രമണികള്‍ക്കാ പഴയ
ഇമ്പമില്ലാ....
മസ്ജിദിന്‍ ബാങ്ക്‌ വിളീകള്‍ക്കിന്നാ
പഴയ രാഗമില്ല......
പള്ളിയിലെ മെഴുകുതിരികള്‍ തന്‍
ദീപനാളത്തിനിന്നാ പഴയ ശോഭയില്ല.


ഇതിനെല്ലാമുപരിയായി മുഴങ്ങുന്നതോ;
മതത്തിനു വേണ്ടി കൊടിക്കൂറക്കു വേണ്ടി
പരസ്പ്പരം കൊല്ലുന്ന, ചാവുന്ന
സാധാരണക്കാരന്‍റെ നിലവിളികള്‍.


മതനേതാക്കളാം ആ യൂദാസിന്മാരുടെ
അട്ടഹാസത്തിലമര്‍ന്നു പോകുന്നു,
ആ ജിവന്‍ വെടിയുന്ന കരച്ചിലുകള്‍,
ആ സാധാരണക്കാരന്‍‌റ്റെ കരച്ചിലുകള്‍.

വോട്ട്.

നാടുകള്‍ മുഴുവനും പൊട്ടുന്നു ബോംബുകള്‍,
ചിതറി തെറിക്കുന്നതോ പാവം ജനങ്ങളും.
പൊട്ടിയ ബോംബിനെ വോട്ടാക്കി മാറ്റുന്നു,
വോട്ടിനു വേണ്ടി വീണ്ടും ബോംബുകള്‍ പൊട്ടുന്നു.


ഇതാധുനിക രാഷ്ട്രീയവും രാഷ്ട്രീയക്കാരനും,
മാനാഭിമാനങ്ങളെന്നേ നശിച്ചവര്‍.
ഇനിയും നല്‍കണോ നമ്മുടെ വോട്ടുകള്‍,
നാടിന്‍‌റ്റെ ശാപമാം രാഷ്ട്രീയക്കാര്‍ക്കായ്.

മനസ്സ്.

ഒരു സുന്ദര പുഷ്പം,
അതിനെ നാം സ്നേഹിക്കുന്നു,
പക്ഷേ അത് കൊഴിഞ്ഞു വീഴുമ്പോള്‍
നാം മറ്റൊന്നിനെ തേടുന്നു.


മനുഷ്യമനസ്സാണിത്, ഒന്ന്
പോയാല്‍ മറ്റൊന്നെന്ന മനസ്സ്.
ഒന്നിനേയും സ്നേഹിക്കാന്‍ കഴിയാതെ
വെറും ജാഡ കാട്ടുന്ന മനസ്സ്.

എന്‍റെ സംശയം?

ഇതില്‍ സത്യമേതാണ്‌..
ഇരുളോ വെളിച്ചമോ?


ഇരുളെന്നാല്‍ എന്താണ്‌?
വെളിച്ചമില്ലാത്തവസ്ഥയല്ലേ?
അപ്പോള്‍ സത്യമെന്നത്‌
ആ ഇരുള്‍ മാത്രമല്ലേ?


വെളിച്ചമെന്നതെന്താണ്‌?
ഇരുളില്ലാത്തവസ്ഥയല്ലേ?
അപ്പോള്‍ സത്യമെന്നത്
ആ വെളിച്ചം മാത്രമല്ലേ?


പിന്നെയും എന്‍റെ സംശയം...
ഇരുളില്ലാതെ വെളിച്ചമുണ്ടോ?
വെളിച്ചമില്ലാതെയിരുളുണ്ടോ?
ഇതുരണ്ടുമില്ലാതെ ദിവസമുണ്ടോ?

ഡെഡിക്കേഷന്‍.

പല പേരില്‍ വിളിക്കുന്നവരെ,
പല രൂപത്തില്‍ കാണുന്നവരെ,
അവര്‍ക്കായ് വെട്ടുന്നു, കുത്തുന്നു,
പിന്നെ കത്തിയമരുന്നുമെപ്പോഴും.


പേരുകളെല്ലാം ഒന്നാണെന്നറിഞ്ഞില്ല,
രൂപങ്ങളൊക്കെ ഒന്നാണെന്നറിഞ്ഞില്ല,
അല്ലെങ്കില്‍ അറിഞ്ഞിട്ടും ആരും
അറിഞ്ഞതായ് നടിച്ചില്ല.


എന്തും ഏതും ഡെഡിക്കേറ്റ് ചെയ്യാം,
ഇത് ഡെഡിക്കേഷന്‍‌റ്റെ കാലം.
ഇത് ഞാനും ഡെഡിക്കേറ്റ് ചെയ്യുന്നു,
ആ മതഭ്രാന്തന്മാര്‍ക്കായ്,
മതാന്ധത ബാധിച്ചവര്‍ക്കായ്.

Saturday, October 17, 2009

നന്ദി... ഏവര്‍ക്കും.

കണ്ടു മറന്ന പല പല മുഖങ്ങള്‍ക്കിടയില്‍
എന്നെയും ഒരിക്കല്‍ നിങ്ങള്‍ കണ്ടിരിക്കാം.
രക്തബന്ധങ്ങളില്ല, സ്നേഹബന്ധങ്ങള്‍ മാത്രം
കാണാപ്പുറത്തിരിക്കുന്ന സുഹൃത്ത് മാത്രം.


എങ്കിലുമാരൊക്കെയോയാണ്‌ നിങ്ങളേവരും
അറിയില്ല പേരെടുത്തു പറയുവാനാരാണെന്ന്.
നന്ദി, നിങ്ങളിലൊരുവനായ് കൂട്ടിയതിന്‌, പിന്നെയാ
സ്നേഹത്തിന്‌,സൗഹൃദത്തിന്‌, പിന്നെയെല്ലാത്തിനും.